Saturday, May 19, 2018

പായസപുരാണം..


എനിക്ക് ഞാന്‍ ജീവിക്കുന്ന ചുറ്റിനും നടക്കുന്ന ചില മനുഷ്യസ്വഭാവങ്ങളെപറ്റിയേ അറിയാവൂ..
ഞാന്‍ അത്ര വിശാലമനസ്ക്കയൊന്നും അല്ല എങ്കിലും ലോകത്തിലുള്ള എല്ലാവരും സുഖത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും സല്‍‌സ്വഭാവത്തോടെയും സഹവര്‍ത്തിത്വത്തോടെയും ഒക്കെ ജീവിക്കണം എന്നു അകമഴിഞ്ഞ് ആഗ്രഹിച്ച് ജീവിച്ച് തളര്‍ന്നുപോയ ഒരു ആത്മാവിന് ഉടമയാണ്. ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ ഒന്നും ഇല്ല. വലിയവരും നല്ലവരും എന്നു നടിക്കുന്നവരിലാണ് മേല്പറഞ്ഞ് ഗുണങ്ങള്‍ ഒക്കെ ദുര്‍ല്ലഭമായിക്കൊണ്ടിരിക്കുന്നത്.

ഇത്രയും എഴുതാന്‍ കാരണം ഒരു പായസം വയ്പ്പിന്റെ  നിഷ്ക്കളങ്കമായ വളര്‍ച്ചയും അതിദാരുണമായ അധഃപ്പതനം ഓര്‍ത്തപ്പോള്‍ ആണ്!

ഞാന്‍ നല്ല ഒന്നാന്തരം അടപ്രഥമന്‍ എങ്ങിനെയോ വച്ചു ശീലിച്ചു. ഒരു പത്തിരുന്നൂറുപേര്‍ക്ക് കുടിക്കാന്‍ ഉള്ള അളവിലൊക്കെ വയ്ക്കാന്‍ ശീലിച്ചു. വയ്ച്ച് കൊടുക്കയും ചെയ്യുമായിരുന്നു. ഈ സല്‍‌പ്രവര്‍ത്തി അത്യന്തം ഗോപ്യവും ഇരുചെവി അറിയരുതെന്നും എന്റെ ചുറ്റിനുമുള്ളവര്‍ വളരെ ഗൂഢമായി ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നതിനാല്‍ എന്റെ പായസം വയ്പ്പും അത് കുടിക്കുന്നവരുടെ നന്ദിയും ഒന്നും തന്നെ പുറത്തുവരാതെ കാലത്തിനുള്ളില്‍ മറഞ്ഞുതന്നെ കിടന്നിരുന്നു.  എങ്കിലും സത്യം സത്യമല്ലാതാവില്ലല്ലൊ.

ഞാന്‍ പായസം വയ്ച്ച് എന്റെ അമ്മായിയുടെ കുടുംബ ഓണസദ്യയില്‍ കൊണ്ടുവിളമ്പാന്‍ അനുവാദം ലഭിച്ചു. പിന്നീട് ഭര്‍ത്താവ് ജോലിചെയ്യുന്ന സ്ഥാപനത്തിലെ പത്തന്‍പത് പേര്‍ക്കും വിതരണം ചെയ്തുവന്നു.  ഈ സംഭവം ഇരുചെവി അറിയാത്തതുകൊണ്ടും, എനിക്കത് പ്രത്യേക പദവി ഒന്നും തരാത്തതുകൊണ്ടും കുറേ കാലമായി തുടന്നു പോരുന്നു.

എങ്കിലും ഈ പായസം വയ്പ്പ് സ്ത്രീകളില്‍ എന്നെപ്പറ്റി ഒരു സ്നേഹം വളര്‍ത്തിയില്ല എന്നുമാത്രമല്ല. ഓരോരുത്തരും അതിന്റെ രുചി ആസ്വദിക്കുന്നതിലും കേമമായി അസൂയയോടും അപമാനത്തോടും മത്സരബുദ്ധിയോടും അടിച്ചമര്‍ത്തല്‍ മനസ്ഥിതിയോടുമൊക്കെയാണ് നേരിട്ടത്!
ഈ പറഞ്ഞ നെഗറ്റീവ് വികാരങ്ങള്‍ വളര്‍ത്താനല്ല ഞാന്‍ പായസം വയ്ച്ചത്.
അതുകൊണ്ടുതന്നെ ഈ വക വികാരങ്ങള്‍ കാണെക്കാണെ എനിക്ക് പായസം വയ്ക്കാനുള്ള അഭിലാഷം തീരെ അസ്തമിക്കയും, ഇപ്പോഴത്തെ യുഗത്തില്‍ കേറ്ററിംഗ് തന്നെയാണ് അഭിലക്ഷണീയം എന്നും സമ്മതിച്ച് കാലത്തിന് അടിയറവ് സമ്മതിച്ച് തളര്‍ന്നിരിക്കയാണ്.

എനിക്ക് പായസം മാത്രമല്ല, നല്ല ഒന്നാന്തരം അവിയലും സാമ്പാറും പുളിശ്ശേരിയും ഒക്കെ ഉണ്ടാക്കാനറിയാം. എങ്കിലും എനിക്ക് ആരെയും സല്‍ക്കരിക്കാന്‍ അനുവാദമില്ല. കാരണം എനെ സഹായിക്കാന്‍ ആരും ഇല്ലാ എന്ന കാരണം കൊണ്ടുതന്നെ.അത് അങ്ങിനെ തന്നെ വേണം താനും എന്നാണ് ഓരോരുത്തരുടേയും നിര്‍ബ്ബന്ധം. അത് കണ്ട് സന്തോഷിക്കുന്നവരുടെ സന്തോഷം കെടുത്താന്‍ എന്റെ രക്ഷിതാവിന് സമ്മതവും അല്ല.  ഈ കുടുമ്പം?ത്തിന്റെ ഒരു ചട്ടമാണ്. ഓരോരുത്തര്‍ക്ക് ഓരോ പദവി നല്‍കി തമ്മിലടിക്കാതെ പിടിച്ചുനിര്‍ത്തിയിരിക്കയാണ്. അതിഥിസല്‍ക്കാരം എന്നെക്കാള്‍ വളരെ ജൂനിയര്‍ ആയ ഒരു മിടുക്കി ആക്രാന്തത്തോടെ കൈക്കലാക്കി നടക്കയാണ്. അതവളുടെ കുത്തകയായിട്ടെടുത്തിരിക്കയാണ്. മൂത്തവരെ ബഹുമാനിക്കാനും മതിക്കാനും ഒക്കെ മറന്ന് അപമാനിക്കാനും അവഹേളിക്കാനും പരിശീലിച്ച ഒരു തലമുറ! ഇതിനകം പലതും വിട്ടുകൊടുത്ത്, വിട്ടുകൊടുത്ത് ശീലിച്ച ഞാന്‍ സര്‍വ്വവും നഷ്ടപ്പെട്ടാലും ശ്രീബുദ്ധനെപ്പോലെ ചിരിക്കാനും ശീലിക്കുന്നു.

ഇത്തരുണത്തില്‍ ഞാന്‍ മറ്റൊരു നഗ്ന സത്യം പറഞ്ഞോട്ടെ,
നമുക്ക് നാലുക്കൊപ്പം ജീവിച്ച് നാലുക്കൊപ്പം സന്തോഷിച്ച് സഹകരിച്ച് ജീവിക്കാനാവുമെങ്കില്‍ അതാണ് നമുക്കും ഭാവിതലമുറയ്ക്കും നന്ന്.
കാരണം, മറ്റുള്ളവരെ വെല്ലാനെന്നു കരുതി ആക്രാന്തപ്പെട്ട് കുറേയധികം സമ്പാദിക്കയോ പല ബഹുമതികള്‍ കരസ്ഥമാക്കയോ ഒക്കെ ചെയ്താല്‍ നമ്മെക്കാളേറെ അത് നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

അവര്‍ ആ ബഹുമതികള്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണെന്ന് കരുതി തമ്മില്‍ പോരാടും, സമ്പത്ത് ഓരോരുത്തരും കൂടുതല്‍ കൈവശപ്പെടുത്താനാവാത്തതില്‍ നിരാശരായി പരസ്പരം മത്സരിക്കയും സ്നേഹശൂന്യരാവുകയും, വിദ്വേഷം വച്ചുപുലര്‍ത്തുകയും പരസ്പരം ബഹുമാനം ഇല്ലാതക്കയും ഒക്കെ ചെയ്യും.

ഭാവിതലമുറയ്ക്ക് സ്നേഹവും അറിവും ജീവിക്കാനുള്ള പരിശീലനവും ആവോളം നല്‍കുക. ഓരോരുത്തരും അവരവരുടെ കഴിവുകൊണ്ട് സമ്പാദിക്കയും സല്‍പ്പേരുണ്ടാക്കയും ഒക്കെ ചെയ്യട്ടെ. അപ്പോള്‍ പരസപരം മര്യാദ, ബഹുമാനം ഒക്കെ തോന്നി അവര്‍ സ്നേഹിച്ച് ജീവിക്കും.

Monday, May 14, 2018

വീട്ടമ്മമാര്‍


എത്ര പ്രായം ചെന്നാലും മനുഷ്യര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വാഞ്ചന ശേഷിക്കും. എതുവിധേനയെങ്കിലും സ്നേഹിക്കണം, സ്നേഹിക്കപ്പെടണം. ലോകത്തിന്റെ മുന്നോട്ടുള്ള ഗതിയും മനുഷ്യരുടെ ഈ അടിസ്ഥാന സ്വഭാവത്തിനെ ആശ്രയിച്ചാവണം രൂപപ്പെടുന്നത്.
സഹജീവികളുടെ സ്നേഹം കിട്ടിയില്ലെങ്കില്‍ ലൌകീകമായ സുഖഭോഗങ്ങളെ സ്നേഹിക്കും. സ്നേഹം സുഖം ആനന്ദം ഇതുതന്നെയാണ് എല്ലാ മനുഷ്യരുടെയും സ്വഭാവം. ഇത് നേടുന്നതിനായി സ്വീകരിക്കുന്ന വഴികള്‍ തുലോഅം വ്യത്യസ്ഥമാണെന്നുമാത്രം.

മറ്റുള്ളവരെ ദ്രോഹിച്ച് നേടുന്ന സ്നേഹം , സുഖം ഒക്കെ ഒരാലെ ക്രൂരര്‍ ആക്കുന്നു.മറിച്ചാവുമ്പോള്‍ നല്ലവനും.

ദൈവത്തിന് ഇതില്‍ ആരെയാണ് ഇഷ്ടം എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഏതുവിധേനയും മറ്റുള്ളവരെ ദ്രോഹിച്ചും നശിപ്പിച്ചുമായാലും സ്വന്തം നിലനില്‍പ്പ് ഭദ്രപ്പെടുത്തുന്നവരാണോ അതോ മറ്റുള്ളവര്‍ക്കായി പലതും വിട്ടുകൊടുത്ത് വഴിമാറി സഞ്ചരിക്കുന്നവനാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടവന്‍ എന്നറിയില്ല.

പ്രകൃതിയാണ് ദൈവം എങ്കില്‍ തീര്‍ച്ചയായും അന്യോന്യം പൊരുതി ജയിച്ച് മുന്നേറുന്നവന്‍ തന്നെയാണ് ശരിയുടെ പാതയിലൂടെ ഗമിക്കുന്നത്..
അങ്ങിനെയാണെങ്കില്‍ ഞാനൊക്കെ പ്രകൃതിയുടെ/ദൈവത്തിന്റെ നിയമനങ്ങള്‍ അനുശാസിക്കാത്തവരാവും.

സമാധാനത്തോടെയുള്ള മറ്റുള്ളവരെ ദ്രോഹിക്കാതെയുള്ള സുഖവും സന്തോഷവും ആണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. എനിക്കത് കിട്ടിയില്ലെങ്കിലും കൈമോശം വന്നില്ലെങ്കിലും ഞാനത് അന്യായമായ രീതിയിലൂടെ നേടാന്‍ ശ്രമിച്ചിട്ടുമില്ല.

അപ്പോള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഒരുപക്ഷെ ഞാന്‍ അലസയും അദ്ദേഹത്തിന്റെ നിയമങ്ങള്‍ അനുശാസിക്കാതെ മറ്റുള്ളവരോട് മത്സരിക്കാതെ, ഒഴിഞ്ഞുമാറിനടക്കുന്ന ഒരു ഭീരുവായിരിക്കാം.

അതെ, ഭീരുവായ ഒരു വീട്ടമ്മ. വീട്ടമ്മ എന്നത് ഒരു പദവിയോ, ഒരു ജോലിയോ ഒന്നും തന്നെയല്ല. അതും തീരെവിലയില്ലാത്ത ഒരു പേരാണ്. ജീവിതത്തിന്റെ മുക്കാലിലേറെ സമയവും മറ്റുള്ളവര്‍ക്കായി ഉഴച്ചിട്ടും ഒന്നും നേടാനാവാതെ, ഒന്നും ചെയ്തെന്ന് വരുത്താനാവാതെ മണ്ണടിയുന്ന ഒരു ജന്മം.

എന്റെ കൂട്ടുകാര്‍ സമൂഹത്തില്‍ പല പദവികളില്‍ ഉണ്ട്, ഒരുവള്‍ ഒരു ബാങ്ക് മാനേജര്‍, ഒരു മിടുക്കി വക്കീല്‍, മറ്റുരുവള്‍ ഹെഡ്മിസ്ട്രസ്സ് തുടങ്ങി ഡോക്ടര്‍ എജ്ജിനീയര്‍ പദവികള്‍ അലങ്കരിക്കുന്നവര്‍ വരെ ഉണ്ട്.  കാറൊക്കെ ഓടിക്കും, സ്വയം പര്യാപ്തത നേടിയവര്‍ മക്കളൊക്കെ അവരെക്കാളും വലിയ പദവികള്‍ അലങ്കരിക്കുന്നു, ലോകത്തിന്റെ എല്ലാ കോണിലും .  എങ്കിലും ആരും തന്നെ സംതൃപ്തരായി തോന്നിയിട്ടില്ല. പലരും ഭര്‍ത്താവിനോടൊപ്പമല്ല ജീവിക്കുന്നത്പോലും ചിലര്‍ പിരിഞ്ഞു, ചിലര്‍ അകന്നു കഴിയുന്നു. സ്വന്തം വഴിതേടിപോയവര്‍ക്ക് കുടുംബം നോക്കാനാവാതെ തളര്‍ന്നുപോയവരും ഏറെ. എയര്‍പോര്‍ട്ടില്‍ വളരെ ഉയര്‍ന്ന പദവിയില്‍ മാനേജര്‍ പോസ്റ്റില്‍ ഇരിക്കുന്ന ഒരുവള്‍.. കണ്ടപ്പോല്‍ അഭിമാനം തോന്നി. മുടി മുഴുവന്‍ നരച്ചിരിക്കുന്നും. എങ്കിലും മുഖത്ത് ചുളിവുകള്‍ വീണുതുടങ്ങിയിട്ടില്ല. മുടി ഡൈ ചെയ്യാത്തത് ഭര്‍ത്താവുമായി അകന്ന് അകലെ ജോലിചെയ്യുമ്പോള്‍ നാട്ടുകാര്‍ അപവാദം പറയാതിരിക്കാനും കൂടി ആണത്രെ. കഴുത്തില്‍ ഒരു രുദ്രാക്ഷമാലയും ഉണ്ട്. ഏതോ സിനിമയില്‍ കണ്ട് പ്രായം ചെന്ന നായികാ കഥാപാത്രത്തെപ്പോലെ.

അവളോട് സന്തോഷവതിയാണോ എന്ന് ചോദിക്കാന്‍ തന്നെ മടി തോന്നി. എങ്കിലും പറഞ്ഞു പലരും പല രീതിയിലൂടെ ഉയര്‍ന്നവര്‍ . ആ ഉയര്‍ച്ചക്കിടയില്‍ പലര്‍ക്കും പലതും കൈമോശം വന്നിട്ടുണ്ട് എങ്കിലും മറ്റു പലരെക്കാളും നമ്മളൊക്കെ മികച്ചവര്‍ തന്നെയാണ്.


(എന്നോട് സംസാരിച്ച് കഴിഞ്ഞ് പിറ്റേന്ന് ഒരു മെസ്സേജ് വന്നു. ആത്മ, കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെയാണ് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാനായത്, നന്ദി. )

നമുക്ക് സ്വയം ആശ്വസിക്കാന്‍ ശ്രമിക്കാം. ഈ ഭൂമിയില്‍ ഇത്രകാലം ജീവിക്കാനായതില്‍ മക്കളെ പ്രസവിച്ച് വളര്‍ത്താനായതില്‍ , ശ്വസിക്കാനായതില്‍ പൂക്കളെയും കിളികളെയും പുഴകളെയും ഒക്കെ സന്ധിക്കാനായതില്‍. ഓരോ നിമിഷവും നമുക്ക് ദൈവത്തോടെ കടപ്പെട്ടവരായി ജീവിക്കാ‍ന്‍ ശ്രമിക്കാം..

ആത്മ

Sunday, April 8, 2018

ആമി


ഇപ്പോൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഫോണ്ട് ഒന്നും ഇൻസ്റ്റാൾ ചെയ്യണ്ട!
ഇവിടെ വന്ന ഫ്രീ ആയി അങ്ങ് ടൈപ്പ് ചെയ്യാം! ചുമ്മാതല്ല ആളുകൾ ചറപറാ ഓരോന്ന് എഴുതി വിടുന്നത്..
ഹോ കുറെ നാളായി മൊബൈലും കൊണ്ട് നടന്ന എഴുതാനൊക്കെ മറന്നുപോയി..

ഇന്നലെ കമലാ സുരയ്യയുടെ 'ആമി'  സിനിമ കണ്ടു . മഞജു വാരിയർ ആണ് മാധവിക്കുട്ടിയെ അവതരിപ്പിച്ചത്. സിനിമ കൊള്ളാം സെറ്റിങ്സ് കൊള്ളാം അഭിനയം കൊള്ളാം. പക്ഷെ  മഞജുവാര്യർ മാധവിക്കുട്ടിയുടെ ആത്മഗതങ്ങൾ പറഞ്ഞത് മാത്രം അരോചകമായി തോന്നി. അത് പറയാതെ തന്നെ അഭിനയത്തിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്. അഭിനയത്തിന്റെ കേമത്വത്തിനിടയിൽ ആ ഡയലോഗുകൾ വളരെ ചീപ്പ് ആയി തോന്നി. ചിലവ ബുക്കുകളിൽ ഒളിഞ്ഞിരുന്ന വായനക്കാരുടെ ഹൃദയത്തിൽ കയറിപ്പറ്റാനുള്ളവയാണ്` അതെടുത്ത് നിർല്ലോഭം വിളമ്പിയപ്പോൾ ആ കലാകാരിയുടെ ആത്മാവിനെ അവഹേളിച്ചപോലെ. ഒടുവിലത്തെ കല്പടവിൽ ഒറ്റയ്ക്കുള്ള ആ രംഗവും ഒഴിവാക്കാമായിരുന്നു. അവർക്ക് ഒരല്പംകൂടി  മാന്യത നൽകാമായിരുന്നു എന്നു തോന്നി. എത്രയോ സ്ത്രീകൾ അവരുടെ ഹൃദയത്തിൽ ഇതിനെക്കാളും വലിയ രഹസ്യങ്ങൾ ഒക്കെ കൊണ്ട് നടക്കുന്നുണ്ടാവും. അവർ ഒരു എഴുത്തുകാരി ആയതുകൊണ്ട് അവരുടെ വ്യക്തിജീവിതം ഈ വിധത്തിൽ പരസ്യമാക്കി അവരുടെ ആത്മാവിനെ മുറിവേൽപ്പിക്കണ്ടായിരുന്നു എന്ന് തോന്നി.

പക്ഷെ ആ രംഗമൊക്കെ  മഞജുവാരിയർ  ശരിക്കും മാധവിക്കുട്ടിയായി പരകായപ്രവേശം നടത്തിയതായി തോന്നിപ്പോയി.
മെഞ്ചുവാര്യരുടെ ആരാധികയൊന്നും അല്ല ഞാൻ പക്ഷെ ആ ഒടുവിലത്തെ രംഗങ്ങളിൽ ഒക്കെ വളരെ മികവുറ്റ നടിയായി തോന്നി.

പിന്നെ നീര്മാതളവും നാലുകെട്ടും പഴയ നായർ തറവാടും സംസാരശൈലിയും ജീവിതരീതിയും ഒക്കെ വളരെ സ്വാഭാവികമായി തോന്നി. അതൊക്കെ കാണുവാനാണ്~ തീയറ്ററിൽ പോയി സിനിമ കണ്ടതും.
കമലിനു നന്ദി! പക്ഷെ മാധവിക്കുട്ടിയെ കുറച്ചുകൂടി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാമായിരുന്നു എന്ന് തോന്നി. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ!

p.s

ഇപ്പോൾ ഓർത്തുനോക്കുമ്പോൾ മഞ്ജുവാരിയർ മാധവിക്കുട്ടിയുടെ ഏഴയലത്തുപോലും എത്തിയില്ല എന്നതാണു!

നമ്മുടെ ഷീലാമ്മ ചിലപ്പോൾ അഭിനയിച്ച്‌ ഭലിപ്പിച്ചേനെ!
അതെങ്ങിനെ! ഓൾഡ്‌ ആയിപ്പോയില്ലേ..
പിന്നെ ആർക്ക്‌ പറ്റുമായിരുന്നു!

നയൻ താര?

Thursday, March 8, 2018

ഇവല്യൂഷനും സ്ത്രീകളും

എനിക്ക് ബ്ലോഗെഴുതാനും റ്റ്വിറ്ററില്‍ എഴുതാനുമേ തല്‍ക്കാലം അറിയാവൂ എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള വരവാണ്. ഫേസ്ബുക്കാണ് ഇപ്പോള്‍ പ്രചാരം. അവിടെ ഒരു പിടിപാടുമില്ലാതാനും! എങ്കിപ്പിന്നെ പഴയപോലെ എന്റെ സ്വന്തം ബ്ലോഗില്‍ തന്നെ ശരണം പ്രാപിക്ക്കാം എന്നു കരുതി.

ഇന്ന് ഞാന്‍ വീടിടെ പരിസരം മുഴുവന്‍ വൃത്തിയാക്കി. എന്റെ കൂട്ടുകാരിയുടെ അമ്മ പെട്ടെന്ന് മരിച്ച വിവരം അറിഞ്ഞതില്‍ പിന്നെയാണ് യാന്ത്രികമായി വെളിയില്‍ ഇറങ്ങി പണി തുടങ്ങിയത്. ഇനി പ്രകൃതിയോടൊപ്പം എന്റെ  ദുഃഖം പങ്കിടാനുള്ള വെമ്പല്‍ ആയിരുന്നോ എന്നും അറിയില്ല. കാരണം ഈ മരണം എന്റെ അമ്മയുടെ മരണത്തെ പറ്റി എന്നെ ഓര്‍മ്മിപ്പിക്കയും അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയും ഇരുന്നു. അപ്പോഴാണ് ഈ ഗാര്‍ഡണ്‍ വൃത്തിയാക്കല്‍.

ഗാര്‍ഡണ്‍ എന്നൊന്നും പറയാനുള്ള ഭംഗിയില്ല. വളപ്പ് എന്നുവേണമെങ്കില്‍ പറയാം. നാട്ടിലെ കൂവ വാഴ നെല്ലി പുളിഞ്ചി പാരിജാതം, പിച്ചി മുല്ല ഒക്കെ അടങ്ങുന്ന ഒരു സസ്യസമുച്ഛയം  തന്നെ അവിടെയുണ്ട്. അവിടെ നമുക്ക് അധികമൊന്നും വികൃതമാക്കാത്ത പ്രകൃതിയെ കാണാനാകുമായിരുന്നു. അവിടെ ദിവസവും കുറെ  അണ്ണാനും മഞ്ഞക്കിളിയും മൈനകളും ഒക്കെ വരും. രാത്രി നരിച്ചീറുകളും അവയെ പിടിക്കാനായി പാമുകളും വരെ വന്നിട്ടുണ്ട്. ഗ്രാമത്തിലെ ഏതോ വീട്ടില്‍ താമസിക്കുകയാണെന്ന ഒരു തോന്നല്‍ ഉണ്ടാക്കി തരുന്നു ഈ ചെടികളും സസ്യങ്ങളും വന്യ ജീവികളും ഒക്കെക്കൂടി..

ഇന്ന് എല്ലാം വെട്ടിയൊതുക്കി. അവശ്യം വേണ്ടുന്നവ മാത്രം കോതിയൊതുക്കി നിര്‍ത്തി. മേല്‍പ്പറഞ്ഞ പാമ്പിനെ ഭയന്നുകൂടിയാണ് അധികവും വെട്ടിക്കളഞ്ഞത്. ദിവസം മുക്കാലും അതിനായി ചിലവാക്കി എന്നു വേണമെങ്കില്‍ പറയാം.

ഒടുവില്‍ മകള്‍ വന്നപ്പോള്‍ പറഞ്ഞു ‘നോക്കൂ മകളേ ഞാന്‍ വീടിനു വെളിയില്‍ ഒക്കെ വൃത്തിയാക്കിയിട്ടുണ്ട്.. ഒന്ന് ചുറ്റും നടന്ന അപ്പ്രീഷ്യേറ്റ് ചെയ്തിട്ട് വരൂ”…

അവള്‍ പാറഞ്ഞു, അമ്മേ ഇന്ന് നമ്മുടെ ദിവസം ആണ്. വിമണസ് ഡേ! നമ്മള്‍ആഘോഷിക്കേണ്ട ദിവസം.
ഞാന്‍ പറഞ്ഞു,  അതുകൊണ്ടാണ് ഞാന്‍ ചുറ്റുപാടുകളൊക്കെ വൃത്തിയാക്കിയത്.

അവളെ പ്രകോപിക്കണ്ട എന്നുകരുതി വിഷയം മാറ്റി.
നമുക്ക് കെ എഫ് സിയോ പിസയോ ഓഡര്‍ ചെയ്ത് ആഘോഷിക്കാം?

അവളും വെറുതെ പറഞ്ഞതാണ്. ഒരു വീടും അവിടെ ഒരമ്മയും സ്വകാര്യതയും ഉണ്ടെങ്കില്‍ പിന്നെ എന്തിനു വെളിയില്‍ അലയുന്നു..

അതെ!എനിക്കിപ്പോ എന്റെ പ്രത്യേകത, വില (ഈ ഭൂമിയിലെ) ഒക്കെ നന്നായി ബോധ്യം വന്നു തുടങ്ങീട്ടുണ്ട്. അതിന് ആരുടേയും പ്രീതിയോ അംഗീകാരമോ എന്നും വേണ്ട. ഭൂമി കറങ്ങുന്നതും സൂര്യന്‍ ഉദിക്കന്നതും കാറ്റ് വീശുന്നതും മഴ പെയ്യുന്നതും ഒന്നും ആരുടേയും അംഗീകാരത്തിനുവേണ്ടിയല്ലല്ലൊ, അതുപോലെ വീട്ടമ്മമാരും അടുത്ത തലമുറയ്ക്കായി, മനുഷ്യന്റെ നിലനില്‍പ്പിനായി ചെയ്യുന്ന ജോലികള്‍, ത്വജിക്കുന്ന സുഖങ്ങള്‍ ഒക്കെ ആരെയും ബോധ്യപ്പെടുത്താനല്ല. സ്വയം അതില്‍ നിന്നും അറിയാതെ പ്രതിഫലം സന്തോഷമായി കിട്ടുന്നും ഉണ്ട്.

അതെ ഭൂമിയുടെ മനുഷ്യരുടെ ലനില്‍പ്പിന്റെ രഹസ്യം.. അതിന് പ്രകൃതി നിയമിച്ചതാണ് എന്നെപ്പോലെയുള്ളസ് സ്ത്രീകളെ!

നിലനില്‍പ്പ്/ഇവല്യൂഷന്‍നമ്മള്‍ ഓരോ പുതിയ പ്രതിസന്ധികളും തരണം ചെയ്യുമ്പോള്‍ , മനുഷ്യകുലത്തിന്റെ ഇവല്യൂഷന്റെ ഒരു പടികൂടി കയറുകയാണ്.!

നമ്മുടെ അനുഭവം പങ്കിട്ട്, പിന്നീട് വരുന്നവര്‍ നമ്മള്‍ പ്രയാസത്തോടെ തരണം ചെയ്ത കടമ്പ കുറച്ചുകൂടി എളുപ്പത്തില്‍ ചാടിക്കടക്കും. അവര്‍ക്ക് പക്ഷെ പുതിയ പ്രോബ്ലംസ് (കടമ്പകള്‍) വരും. അത് സോള്‍വ് ചെയ്താലേ അവര്‍ക്ക്  മുന്നോട്ട് ഗമിക്കാനാവൂ..മനുഷ്യര്‍ക്ക് ആകെമൊത്തം നിലനില്‍ക്കാനാവൂ..

എങ്ങോട്ടാണ് യാത്ര എന്നറിയില്ല എങ്കിലും മുന്നോട്ട് കാലത്തിന്റെ ഒഴുക്കിനനുസരിച്ച് എല്ലാ ജീവികളും ഭൂപ്രകൃതിയും ഒക്കെയും മാറിക്കൊണ്ടിരിക്കയല്ലെ, നാമും മാറാതെ തരമില്ല.

Sunday, February 18, 2018

രണ്ട് പുതിയ ജോലിക്കാര്‍!

എനിക്ക് രണ്ട് പുതിയ ജോലിക്കാരെക്കൂടി കിട്ടി. ഈ അന്യരാജ്യത്ത് ജോലിക്കാരെ കിട്ടാന്‍ വലിയ പ്രയാസമാണേ!

പാത്രം കഴുവാന്‍ ഒരാളെയും തുണി കഴുകി വിരിച്ച് ഉണക്കി തരുവാന്‍ മറ്റൊരുവളും !

പാത്രം കഴുകാനും തുണി വിരിക്കാനും ഒക്കെ ഒരുവളെ കഴിഞ്ഞവര്‍ഷം നിര്‍ത്തിയായിരുന്നു. ഒരുപാട് തവണ പാത്രം കഴുകി എന്നു പരാതി പറഞ്ഞു പിരിഞ്ഞുപോകുന്ന സമയത്ത് . അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതയും വര്‍ഷങ്ങളായി ഒരു പരാതിയുമില്ലാതെ ഏത് അര്‍ത്ഥരാത്രിയിലും അസുഖം പിടിച്ച് കിടക്കുമ്പോള്‍ പോലും ഞാന്‍ ചെയ്തിരുന്ന ജോലിയാണ്. കൂലി കിട്ടിയിട്ട് കൂടി പരാതി പറയുന്നത്! അപ്പോഴേ പീരിച്ചു വിട്ടു!

 പിന്നെ പാര്‍ട്ട് ടൈമിനെ കാത്തിരുന്നു മടുത്തു, വീണ്ടും പഴയപോലെ അസുഖം വരുമ്പോഴൊക്കെ പാത്രം കഴുകള്‍ ഒരു പ്രഹേളികയായി മുന്നില്‍ കിടക്കുമായിരുന്നു. ആരെങ്കിലും ഒരു കൈ സഹായിച്ചിരുന്നെങ്കില്‍.. എന്നൊക്കെ ഓര്‍ത്ത് പരിതപിച്ചു നടന്നിട്ടുണ്ട്.. ഒടുവില്‍ ഇതാ സായം കാലത്തെങ്കിലും എനിക്ക് സ്ഥിരമായി ഒരുസഹായിയെ കിട്ടിയിരിക്കുന്നു..! ദൈവത്തിനു നന്ദി.

ഇവള്‍ക്ക് എത്ര പരാവശ്യം വേണമെങ്കിലും കഴുകാന്‍ മടിയില്ല. കഴുകി ഉണക്കിയും തരും! എടുത്ത് കപ്പ്ബോഡില്‍ വച്ചാല്‍ മതി.

അതുപോലെ തുണികഴുകുന്നവളെ സഹായിക്കാന്‍ വന്നവളും ചില്ലറക്കാരിയല്ല. കഴുകിവച്ച് ഉണക്കി എടുക്കുന്നത് ഒരു ദിവസത്തെ മുഴുവന്‍ ജോലിയാണ്. അവള്‍ എല്ലാം കൂടി ഒരുമണിക്കൂറിനകം ചെയ്തു തരും. അതും മടക്കി കപ്ബോഡില്‍ വച്ചാല്‍ മതി.. ഇനി തനിയേ ആണെങ്കിലും സര്‍വൈവ് ചെയ്യാമെന്ന ഒരു നിലയിലെത്തി..

ഇനി ഷോപ്പിങ്ങ് കൂടി ചെയ്യാന്‍ ആരെയെങ്കിലും .. അത് ഓണ്‍ലൈന്‍ ശ്രമിക്കണം! നോക്കട്ടെ…

ചമ്മന്തി അരയ്ക്കാനും മറ്റും കുഞ്ഞു സഹായികള്‍ നിങ്ങള്‍ക്കെന്നതുപോലെ എനിക്കും പണ്ടേ ഉണ്ട് കേട്ടോ!


പാത്രം കഴുകാന്‍ വന്നവളുടെ പേര് ഡിഷ് വാഷര്‍.

തുണി കഴുകുന്നവള്‍ വാഷിങ് മെഷീന്‍, അവളെ സഹായിക്കുന്നത് ഡ്രൈയ്യര്‍!

ഇന്ന് ഞങ്ങളെല്ലാവരും കൂടി ഒത്തൊരുമിച്ച് ഈ വീടൊക്കെ ആകപ്പാടെ ഒരു വൃത്തിയും വെടിപ്പും ഒക്കെ വരുത്തി. ഇന്ന് പതിവായി വരാറുള്ള ഡിപ്രഷനും പോയി കിട്ടി! കാരണം അറിയില്ല!! മക്കള്‍ വീട്ടില്‍ ഉണ്ട്. തനിച്ച് ആയില്ല. അതുകൊണ്ടാവുമോ ഇനി?!

Sunday, February 4, 2018

പാപി

സുമതിയുടെ വീട്ടിന്റെ പിറകിലെ ആര്‍മിയിലെ കമ്പിവേലിയില്‍ കയറിയിരുന്ന കിന്നാരം പറയുന്ന കുരുവികളാണ് ആ കാഴ്ച കണ്ടത്.. സുമതിക്കുട്ടി ചിക്കന്റെ കാലെല്ല് കടിച്ചുവലിച്ച് ശാപ്പിടുന്നത്!.  കുരുവികള്‍ ആ കാശ്ച കണ്ട് ആര്‍ത്തലച്ച്
പറന്നകന്നു.

സുമതി മകള്‍ ബാക്കിവച്ചതിന്റെ ബാക്കിയാണ് കഴിച്ചത്.പകുതി മാംസവും അതിലിരിക്കുന്നു. കാശുകൊടുത്തത് എന്തിനാ പാഴിക്കളയുന്നത്! ഏതിനും എനിക്കുവേണ്ടി അല്ല ഈ കോഴിയെ കൊന്നത്. ഞാന്‍ തിന്നാനിരുന്നതുമല്ല. അങ്ങിനെ നൂറു ന്യായങ്ങള്‍ നിരത്തി സുമതി തന്റെ വെജിറ്റേറിയനിസം ഭംഗപ്പെട്ടതില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കവെ ആണ് കുരുവികള്‍ അത് കണ്ടുപിടിച്ച്തും പറന്നകന്നതും!

യ്യോ! സുമതി.. ദേ അവളും.. കുരുവികള്‍ പെട്ടെന്ന് ഭയന്ന് പറന്നകന്നു. കിളികളെ ഭക്ഷിക്കുന്നവള്‍.. ദുഷ്ട!!

സുമതി കിളികള്‍ പറന്നകലുന്നത് കണ്ട് ജാള്യതയോടെ നോക്കി.  ഒരു പക്ഷെ കിളികള്‍ ഇനി ഇതുവഴി വരില്ലാന്നുണ്ടോ?
ഏകാന്തതയിലെ തന്റെ കൂട്ടുകാര്‍ ഈ കുരുവികളും പിന്നെ രണ്ടുമൂന്ന് അണ്ണാന്മാരും ആണ്. ഭാഗ്യത്തിന് അണ്ണാന്‍ കണ്ടില്ല!

സുമതി മീനും കോഴിയും ഒക്കെ കഴിക്കാതായിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. ഒരു പത്തിരുറ്പത്തഞ്ച് വര്‍ഷം..
അച്ഛനമ്മമാരേം നാട്ടിനെയും പിരിഞ്ഞ വിഷമം കൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ പ്രതിവിധിയായി തിരഞ്ഞെടുത്തതാണ് ഈ ഒരു ത്യാഗം! പിന്നെ ഒരു ചെറിയ പ്രതീക്ഷയും ഒരു ആണ്‍കുഞ്ഞു!! പക്ഷെ അതുണ്ടായില്ല.. സുമതി വെജിറ്റേറിയനിസം തുടര്‍ന്നു..

ഇടയ്ക്ക് അവള്‍ക്ക് തന്നെ ഒരു അഹംഭാവം വന്നു. താന്‍ മറ്റുള്ളവരില്‍ നിന്നൊക്കെ വളരെ സുപ്പീരിയര്‍ ആയെന്ന തോന്നല്‍. അതു കുറച്ച് തന്റെ ഈഗോ കുറയ്ക്കാനായിട്ടാണ് സുമതി ആദ്യം വെജിറ്റേറിയ്നൈസം തെറ്റിച്ചത്…

പിനീട് വയറ്റില്‍ കിടക്കുന്ന കുഞ്ഞ് ഒരുപക്ഷെ പെണ്‍കുട്ടിയാണെങ്കില്‍ ദൈവത്തെ പഴിപറയരുതല്ലൊ , താന്‍ വെജിറ്റേറിയനിസം തെറ്റിച്ചതുകൊണ്ടുകൂടിയാണെന്ന് വരുത്താന്‍.. കാരണം ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടമായാല്‍ ജീവിക്കാന്‍ പിന്നെ ഒരു വിശ്വാസവും വേറെ ഇല്ലായിരുന്നു..


പിന്നീടും പലപ്പോഴും സുമതി തെറ്റിച്ചിട്ടുണ്ട് ചിലപ്പോള്‍ തന്റെ വിശ്വാസങ്ങള്‍ ഒക്കെ തെറ്റുമ്പോള്‍, പലപ്പോഴും മനസ്സ് വല്ലാതെ തലരുമ്പോഴോ ആരോഗ്യസ്ഥിതി തീരെ വഷളാവുമ്പോഴോ മാതമാണ് തെറ്റിച്ചിട്ടുള്ളത് ഒന്നോ രണ്ടോ ദിവസം.. പക്ഷെ ഉടന്‍ തന്നെ സുമതി പോയി കുളിച്ച് ശുദ്ധയാവും. എന്തോ തെറ്റുചെയ്ത മാതിരി..അത് ഭര്‍ത്താവിനോടൊപ്പം കിടന്നാലും കുളിക്കുന്നതുവരെ അശുദ്ധയായി തോന്നുമായിരുന്നു.

ഇത് രണ്ടും ഇല്ലാത്തപ്പോള്‍ ഒരു സന്യാസിനിയായ ശുദ്ധയായ വീട്ടമ്മ, അമ്മ! അവള്‍ക്ക് അങ്ങിനെ ഒരു സുമതിയെയായിരുന്നു ഇഷ്ടം.

ഇന്നിപ്പോള്‍ തെറ്റിക്കാന്‍ കാരണം വേറെ ചിലതാണ്.  ഒരമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ വളരെ പരാജയപ്പെട്ടു എന്ന തോന്നലില്‍ നിന്ന് മുക്തയാവാന്‍! തന്റെ ഭര്‍ത്താവു തന്നെ തന്നെയും തന്റെ മക്കളെയും പരാജ്യപ്പെടുത്തിയിരിക്കുന്നു!

ഭാര്യയുടെയും മക്കല്ലുടെയും വിജയം ഇഷ്ടമല്ലാത്ത; അസൂയ ഉളവാക്കുന്ന ഒരു ഭര്‍ത്താവണോ അയാള്‍! അവള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമായിരിക്കുന്നു..

കാരണം തനിക്ക് ഏറ്റവും ഇഷ്ടമുള്ള ആണ് തന്റെ അച്ഛനായിരുന്നു. തനെനെ വിജയിപ്പിച്ച് ഒരു ഡോക്ടറോ പ്രറ്ധാനമന്ത്രിയോ പോലും ആക്കണമെന്ന വെറിയോടെ നടന്ന അച്ഛന്‍.. തനിക്ക് വേണ്ടായിരുന്നു. ഭയമായിരുന്നു. അങ്ങിനെ ഒളിച്ചോടിയതാണ്.

ഇപ്പോള്‍ ഒന്നുമല്ലാതായി ആയി അമ്മയും ഭാര്യയും പോലും അല്ലാതെ വേറുമൊരു മനുഷ്യ ജീവിയായി തരം താഴ്ന്നിരിക്കുന്നു. തനിക്കുവെണ്ടി കരയാനോ, തന്നെ സഹായിക്കാനോ ഒരു മനുഷ്യജീവിപോലും ഇല്ലല്ലൊ എന്ന നിസ്സഹായത! താന്‍ കഷ്ടപ്പെട്ടിട്ടും പ്രതിഫലം ഭര്‍ത്താവുതന്നെ തന്നെ അടിച്ചമര്‍ത്തിയവര്‍ക്ക് കൊടുത്തതില്‍ ഈശ്വരനും പങ്കുണ്ടോ എന്ന അവിശ്വാസം ഇല്ലാതാക്കാന്‍.. താന്‍ അത്ര നല്ലവളല്ലെന്ന് വരുത്താന്‍

താന്‍ ചിക്കണും മറ്റും കഴിക്കുന്ന അത്ര ശുദ്ധയല്ലാത്ത ഒരു വീട്ടമ്മയായിക്കോട്ടെ!
അപ്പോള്‍ അവര്‍ തന്നോട് ചെയ്ത അന്യായങ്ങള്‍ ഒക്കെ ന്യായീകരിക്കാനാവുമല്ലൊ ദൈവത്തിന്!
കാരണം ദൈവത്തെ തോല്‍പ്പിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല.
ദൈവത്തെ വിശ്വസിക്കാനായില്ലെങ്കില്‍ പിന്നെ ഈ ജന്മം ഒന്നിലും വിശ്വാസം ഇല്ലാതായിപ്പോവില്ലേ?!

സുമതി കോഴിയുടെ എല്ലുകള്‍ കടിച്ചു വലിച്ച് കഴിച്ചിട്ട് കൈകള്‍ കഴുകി.
ഇനി കുളിച്ച് ദേഹശുദ്ധിവരുത്തിയിട്ടേ ദൈവത്തിന്റെ പ്രാര്‍ത്ഥിക്കാന്‍ പറ്റൂ..

സുമതി നടന്നു. കിളികള്‍ ഇതിനകം കൂടെത്തിയിരുന്നു.. രാത്രി മുഴുവന്‍ അവര്‍ക്ക് പറയാന്‍ സുമതിയുടെ കഥയുണ്ടല്ലൊ ഇന്ന്! തങ്ങള്‍ക്ക് അന്നം തരുന്ന ശുദ്ധയായ വീട്ടമ്മ! അവര്‍ ഇന്ന് പാപിയായിരിക്കുന്നു. അവര്‍ അന്യോന്യം പറഞ്ഞ് കരഞ്ഞു.
--